തിരുവനന്തപുരം|
Sajith|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (14:06 IST)
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തിൽ കാര്യമായ ഒരു മാറ്റം പ്രതീക്ഷിച്ച് ഇത്തവണ ബി ജെ പിയുടെ നേതൃത്വത്തിൽ എൻ ഡി എയും ഗോദയിലുണ്ട്. സഖ്യകക്ഷിയായ ബി ഡി ജെ എസുമായുള്ള സീറ്റ് വിഭജനവും അന്തിമഘട്ടത്തിലെത്തി. തിരുവനന്തപുരത്ത് നടൻ സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാനാണ് അവരുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിച്ചേരാൻ കഴിയുമോ എന്ന് നേതൃത്വം സുരേഷ് ഗോപിയോട് ആരാഞ്ഞു. ഇതിനു മുമ്പും താരത്തിന്റെ പേര് സ്ഥാനാര്‍ഥിത്വത്തില്‍ ഉയർന്നു കേട്ടിരുന്നു. പത്തു ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
താന്‍ ബി ജെ പിക്കൊപ്പമാണെന്ന നിലപാട് സുരേഷ്ഗോപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇടതു മുന്നണിയിൽ താര സാന്നിധ്യമായി നടൻ മുകേഷും നടി കെപിഎസി ലളിതയും ഉണ്ട്. യുഡിഎഫ് പട്ടികയിലാണെങ്കിൽ സിദ്ധിക്കിന്റെയും ജഗദീഷിന്റെയും പേര് ഉയർന്നു കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ താര യുദ്ധത്തിൽ ബി ജെ പിക്കായി സുരേഷ് ഗോപിയെ മൽസരിപ്പിക്കാനാണ് പദ്ധതി.
നേമത്തെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒ രാജഗോപാലിനൊപ്പം സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെങ്കില്‍ അതിനുള്ള ഫലം ദൈവം തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജഗോപാലിന് ആശംസകൾ നേരാന്‍ നടൻ ഭീമൻ രഘുവും ചടങ്ങില്‍ എത്തിയിരുന്നു.
ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഇന്നാണ് ഔപചാരികമായി പ്രഖ്യാപിക്കുന്നത്. ബി ജെ പി സംസ്ഥാന തിരഞ്ഞെടുപ്പു സമിതി ശുപാർശ ചെയ്ത ഇരുപത്തിരണ്ട് സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ചർച്ച ചെയ്തശേഷം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പു സഖ്യ രൂപീകരണത്തെ കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും ബിജെപി സംസ്ഥാന നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഢ എന്നിവരുമായും ചർച്ച നടത്തി.