ഡെറാഡൂൺ|
aparna shaji|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (14:01 IST)
ഡെറാഡൂണിൽ സമരത്തിനിടെ ബിജെപി എം എൽ എ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബോളീവുഡും രംഗത്ത്. കുതിരയുടെ കാൽ തല്ലിയൊടിച്ച എം എം എ നരകത്തിൽ പോകാൻ താൻ പ്രാർത്ഥിക്കുമെന്നും ലജ്ജാകരമായ പ്രവർത്തിയാണതെന്നും തെന്നിന്ത്യൻ താര സുന്ദരി തൃഷ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
തൃഷയുടെ ട്വീറ്റിന് പിന്നാലെയാണ് ബോളീവുഡിലെ പ്രമുഖരും പ്രതിഷേധം അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കുതിരയെ പരിക്കേല്‍പ്പിച്ച
നീചമായ പ്രവൃത്തിയെ അപലപിച്ച് സോനം കപൂറും സോനാക്ഷി സിന്‍ഹയും സണ്ണിലിയോണും അനുഷ്‌ക ശര്‍മ്മയും ആലിയ ഭട്ടും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഗാന്ധിജിയുടെ വാക്കുകളെ ഓർമിപ്പിച്ച് കൊണ്ടാണ് അനുഷ്‌ക ട്വീറ്റ് ചെയ്തിരിക്കുന്നത്. മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെന്നും അവരുടെ ശബ്ദമാകാൻ നാം ശ്രമിക്കണമെന്നും എം എൽ എ ചെയ്ത പ്രവൃത്തി നീചമാണെന്നും ആലിയ ഭട്ട് ട്വീറ്റ് ചെയ്തു. മനുഷ്യന് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരുന്ന കുതിരയെ ഉപദ്രവിച്ചത് നാണമില്ലാത്ത പ്രവൃത്തിയാണെന്ന് സണ്ണി ലിയോണും അറിയിച്ചു. മൃഗീയമായ അക്രമണമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം.
കുതിര അയാളുടെ മുഖത്ത് ചവിട്ടണമായിരുന്നു എന്ന ആഗ്രഹമാണ് സോനാക്ഷി സിന്‍ഹ പങ്കുവെച്ചത്. വിര്‍ ദാസും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
എന്നാൽ സംഭവം വിവാദമായപ്പോൾ തനല്ല കുതിരയുടെ കാലൊടിച്ചതെന്നും സമരത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും എം എൽ എ അറിയിച്ചിരുന്നു. തെറ്റുകാരനാണെന്ന് ബോധ്യമായാൽ തന്റെ കാലുകൾ നൽകി ത്യാഗം ചെയ്യുമെന്നും എം എൽ എ കൂട്ടിച്ചേർത്തിരുന്നു.