ഒന്നരമാസത്തിൽ എട്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ വിരുതൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 12 മെയ് 2022 (13:56 IST)
കൊട്ടാരക്കര: ഒന്നരമാസത്തിൽ എട്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ കെ.സജിത്ത് എന്ന 26 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ നാൽപ്പതു ദിവസത്തിനുള്ളിൽ ഇയാൾ എട്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കൊട്ടാരക്കര പോലീസ് സദാനന്ദപുരത്തു നിന്നാണ് പിടികൂടിയത്. ചാത്തന്നൂർ, എഴുകോൺ, ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രങ്ങളിലാണ് മോഷണം നടത്തിയത്.

ചെങ്ങമനാട് കല്ലൂർ കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇരണൂർ ദുര്ഗാദേവി ക്ഷേത്രം, കണ്ണങ്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ എട്ടു ക്ഷേത്രങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചാണ് കവർച്ച നടത്തുന്നത്.

പൂജാരിയായിരുന്ന ഇയാൾ ആദ്യം തന്നെ ക്ഷേത്രത്തിൽ നിന്ന് മോഷണം നടത്തിയതിനെ തുടർന്ന് രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തി. 2016 മുതൽ ഇയാൾ മോഷണം നടത്തിവരുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :