രേണുക വേണു|
Last Modified വെള്ളി, 17 ജൂണ്‍ 2022 (08:24 IST)
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം മയപ്പെടുത്താന്‍ യുഡിഎഫ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ മാത്രം കടിച്ചുതൂങ്ങാതെ കരുതലോടെ നീങ്ങണമെന്നാണ് യുഡിഎഫ് തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സ്വപ്‌നയുടെ മാത്രം മൊഴികളെ അടിസ്ഥാനമാക്കിയാകരുത് എന്നാണ് യുഡിഎഫിലെ പൊതുവികാരം. സ്വപ്‌നയുടെ മൊഴിയിലെ പല കാര്യങ്ങളും വിശ്വസനീയമല്ലെന്നും അതെല്ലാം ഭാവിയില്‍ തിരിച്ചടിക്കുമെന്നും യുഡിഎഫിനുള്ളില്‍ വിലയിരുത്തലുണ്ട്. മാത്രമല്ല കേരളത്തില്‍ ഇ.ഡി. അന്വേഷണത്തിനായി മുറവിളി കൂട്ടുമ്പോള്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിക്കുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ ചോദ്യം ചെയ്യുമെന്ന പേടിയും യുഡിഎഫിനുള്ളിലുണ്ട്.