സുനന്ദയുടെ ദുരൂഹ മരണം; തരൂരിനെ വീണ്ടും ചോദ്യം ചെയ്തു

സുനന്ദ പുഷ്‌കര്‍ , ശശി തരൂര്‍ , ഡൽഹി പൊലീസ് , സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 14 ഫെബ്രുവരി 2016 (11:41 IST)
ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിനെ ഡൽഹി പൊലീസിന്റെ പ്രത്യേകസംഘം ചോദ്യം ചെയ്‌തു. ശനിയാഴ്‌ച നട ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു.

കൊലപാതകത്തിലേക്കുള്ള സാധ്യത അന്വേഷിക്കുന്നതിനല്ല ചോദ്യം ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആത്മഹത്യയെന്ന നിലയ്ക്കുള്ള സാദ്ധ്യതകൾ കൂടി വെച്ചുള്ള ചോദ്യങ്ങളാണ് തരൂരിനോട് ചോദിച്ചത്. അമിതമായി ഉപയോഗിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്ന അൽപ്രാക്‌സ് ടാബ്‌ലറ്റുകൾ സുനന്ദയ്ക്ക് എവിടെ നിന്ന് ലഭിച്ചു, തലേ ദിവസം ഇരുവരും തമ്മിലുണ്ടായ വഴക്ക്, സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നീ കാര്യങ്ങളാണ് അന്വേഷണസംഘം തരൂരിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ് നില്‍ക്കുന്നതായാണ് സൂചന. ആത്മഹത്യക്ക് തരൂരോ സഹായികളോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. കേസിന്‍റെ ഭാഗമായി മൂന്നു തവണ തരൂരിനെയും അദ്ദേഹത്തിന്‍റെ സഹായി നാരായൺ സിംഗ്, ഡ്രൈവർ ബജ്റംഗി, സുഹൃത്ത് സഞ്ജയ് ധവാൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

അമേരിക്കന്‍ എഫ്ബിഐയുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് റേഡിയോആക്ടീവ് പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് വ്യക്തമാക്കുന്നത്. ആന്‍ഡി ഡിപ്രസന്റുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക് അടുക്കുന്നതായാണ് വിവരം.

സുനന്ദയുടെ മരണം വിഷാംശം മൂലമാണെന്നും ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്സ് മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടി ലെ മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താൻ തരൂരിന്‍റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിനെ വീണ്ടും ഡൽഹി പൊലീസ് ചോദ്യം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :