കുടുംബവഴക്കിൽ ദമ്പതികൾ മരിച്ചതോടെ അനാഥരായത് മൂന്നു കുഞ്ഞുങ്ങൾ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (19:00 IST)
തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തപ്പോൾ അനാഥരായത് അവരുടെ മൂന്നു കുഞ്ഞുങ്ങൾ. കമലേശ്വരത്തെ വലിയവീട് ലെയിനിലെ ക്രസന്റ് അപ്പാർട്മെന്റിൽ കമാൽ റാഫി (52), ഭാര്യ തസ്‌നീം (42) എന്നിവരാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു എന്നാണു പോലീസ് നിഗമനം. കിടപ്പുമുറിയിലായിരുന്നു തസ്‌നീമിന്റെ മൃതദേഹം കണ്ടെത്തിയത്. അതെ സമയം കമാൽ റാഫിയുടെ കഴുത്തിൽ കയർ കൊണ്ടുള്ള കുരുക്കുണ്ടായിരുന്നു. ശുചിമുറിയിൽ ജനലിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു റാഫിയുടെ മൃതദേഹം.

റാഫി എഴുതിയ ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ എണ്ണിയെണ്ണി വിശദീകരിച്ചിട്ടുണ്ട് ഇതിൽ എന്നാണു സൂചന. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം സ്വദേശി റാഫിയും കുലശേഖരം സ്വദേശിനി തസ്നീമും ഇവിടെയാണ് വര്ഷങ്ങളായി താമസിക്കുന്നത്.

മൂത്ത മകൻ കോളേജ് വിട്ടു തിരിച്ചെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൂന്തുറ പോലീസിൽ അറിയിച്ചു പോലീസ് എത്തിയാണ് വാതിൽ തകർത്തു അകത്തു കടന്നതും മൃതദേഹങ്ങൾ കണ്ടെത്തിയതും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :