തിരുവനന്തപുരം|
VISHNU N L|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (10:43 IST)
തൊഴിലാളി സംഘടനകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങള്‍ ഓടുന്നില്ല.ബുധനാഴ്ച അര്‍ധരാത്രി വരെ തുടരുന്ന പണിമുടക്കില്‍ ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നുണ്ട്. ആശുപത്രി, പത്രം, പാല്‍വിതരണം തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സമരത്തോട് സഹകരിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ അറിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഐടി മേഖലയെ ഉള്‍പ്പെടെ സമരം ബാധിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നന്നേക്കുറവ്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും.
സമരം താല്‍ക്കാലിക ജീവനക്കാര്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണ്. ഓഫീസിലെത്താമെന്ന് കരുതിയാല്‍ തന്നെ വാഹനങ്ങള്‍ എങ്ങും ലഭിക്കാനില്ല. സ്വകാര്യ വാഹനങ്ങള്‍ പോലും സംഘര്‍ഷം ഭയന്ന് പുറത്തിറക്കാതിരിക്കുകയാണ്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ, വാഹനങ്ങള്‍ തടയുകയോ ചെയ്താല്‍ നടപടി ഉണ്ടാകും എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍മാരും വകുപ്പ് തലവന്‍മാരും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളുടെ മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, റെയില്‍വേ- പ്രതിരോധ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.