തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (15:23 IST)
തദ്ദേശ തിരഞ്ഞെടുപ്പ് എന്ന് നടക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപി ബഹുദൂരം മുന്നില്‍. തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും സ്ഥാനാർത്ഥിക്കാര്യത്തിൽ 'കരട് പട്ടിക' പാർട്ടി തയാറാക്കി കഴിഞ്ഞു. ഓരോ വാര്‍ഡുതലങ്ങളിലും പ്രാദേശിക ജാതി സംഘടനാ നേതാക്കളുടെയും ആര്‍എസ്‌എസ് നേതാക്കളുടെയും സഹായത്തൊടെയാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തായാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനം.
വാർഡുകളുടെ സ്വഭാവം, സ്ഥാനാർത്ഥികളാക്കാൻ ഉദ്ദേശിക്കുന്നവരുടെ ജനസ്വാധീനം തുടങ്ങിയവ പരിഗണിച്ചാണ് കരടുപട്ടിക തയാറാക്കിയത്. പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയക്കാര്യത്തിൽ ആർ.എസ്.എസിന്റെ സ്വാധീനവും വലുതായുണ്ട്. ബൂത്തുതലം മുതലുള്ള കോർ കമ്മിറ്റികളിൽ ആർ.എസ്.എസ് പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടികയുടെ കരടുരൂപം തയാറാക്കിയത്.
കൂടാതെ ബ്ലോക്ക് ജില്ല കോര്‍കമ്മിറ്റികളിലും ആര്‍എസ്‌എസ് പ്രതിനിധികളുണ്ട്. ബിജെപിയുടെ നേതാക്കള്‍ക്ക് പുറമേ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അന്വേഷണവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടുണ്ട്.
ബൂത്തുകമ്മിറ്റികൾ തയാറാക്കിയ കരടുപട്ടികയിൽ പാർട്ടിയുടെ സജീവ പ്രവർത്തകരെയാണ് പ്രധാനമായും പരിഗണിച്ചത്. അതും ജനസ്വാധീനം മാത്രം അടിസ്ഥാനമാക്കി. ചിലയിടങ്ങളിൽ സ്വതന്ത്രന്മാരെയും പരിഗണിച്ചിട്ടുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ളവരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ചില സാമുദായിക സംഘടനകളിൽപെട്ടവരെയും കരടുപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോർ കമ്മിറ്റികൾ ഈ പേരുകൾ അംഗീകരിച്ചാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാവുന്ന തരത്തിലാണ് പാർട്ടി നീങ്ങുന്നത്. വനിതാ, സംവരണ വാർഡുകൾ ഏതൊക്കെയാണെന്ന് തീരുമാനമായശേഷമാകും അന്തിമ സ്ഥാനാർത്ഥിപട്ടിക പ്രസിദ്ധീകരിക്കുക. അതിനനുസരിച്ചാണ് ഇപ്പോൾ കരടുപട്ടിക തയാറാക്കിയിരിക്കുന്നത്.
അടുത്തമാസം 19ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. സംവരണ വാർഡുകളുടെ കാര്യത്തിൽ അപ്പോഴേക്കും തീരുമാനമാകും. അതിനനുസരിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും സംസ്ഥാനത്തെത്തും.
മുഴുവൻ തദ്ദേശ വാർഡുകളിലും ഇക്കുറി സ്ഥാനാർത്ഥികളെ നിറുത്താനും തീരുമാനമുണ്ട്. പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ പഞ്ചായത്തുകളിലടക്കം ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകും. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിനെ റിഹേഴ്സലായി
കണ്ട് നിയമസഭയിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.