വെള്ളാപ്പള്ളിയുമായുള്ള രാജന്‍ ബാബുവിന്റെ ചങ്ങാത്തം; ജെഎസ്എസ് നേതൃയോഗം ശനിയാഴ്ച

 എസ്എൻഡിപി , വെള്ളാപ്പള്ളി നടേശന്‍ , കെകെ ഷാജു , രാജന്‍ ബാബു
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 6 ജനുവരി 2016 (11:40 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം എടുക്കാൻ കോടതിയിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിനെതിരായ നടപടി ചർച്ച ചെയ്യാൻ ജെഎസ്എസിന്‍റെ നിർണായക നേതൃയോഗം ശനിയാഴ്ച ചേരും.

എന്നാൽ, സംസ്ഥാന പ്രസിഡന്‍റ് കെകെ ഷാജുവും അനുകൂലികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. യുഡിഎഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഷാജു വിഭാഗം കത്ത് നൽകുമെന്നാണ് റിപ്പോർട്ട്. രാജന്‍ ബാബു എസ്എന്‍ഡിപിയുടെ ലീഗല്‍ അഡ്വൈസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജു വിഭാഗത്തിന്‍റെ ആവശ്യം.

രാജൻ ബാബുവിനെതിരെ യുഡിഎഫ് നടപടി ആലോചിക്കുന്ന സാഹചര്യത്തിലാണ് ജെഎസ്എസിന്‍റെ നിർണായക നേതൃയോഗം ചേരുന്നത്. ജെഎസ്എസ് സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ ഭാരവാഹികളുടെ യോഗവും അന്നേ ദിവസം ചേരുന്നുണ്ട്.

രാജൻ ബാബുവിനെതിരെ യുഡിഎഫ് മുന്നണി കൺവീനർ പിപി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിക്കൊപ്പം കോടതിയിലെത്തിയ രാജൻ ബാബുവിന്റെ നടപടി തെറ്റാണ്. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് മറ്റു കക്ഷി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജൻ ബാബു യുഡിഎഫിന് പുറത്തേക്കുള്ള വഴിയിലാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇനിയും രാജൻ ബാബുവിനെ മുന്നണിയിൽ വച്ചു കൊണ്ടിരിക്കാനാവില്ല. ജെഡി(യു) സംസ്ഥാന പ്രസി‌ഡന്റ് എംപിവീരേന്ദ്ര കുമാർ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമായി വേദി പങ്കിട്ടതിനെ ഇതുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും സതീശൻ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :