തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 6 ജനുവരി 2016 (08:04 IST)
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക.
മൈക്രോ ഫിനാന്‍സ് ഇടപാടില്‍ നിന്ന് വെള്ളാപ്പള്ളി 15 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വി എസിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.
2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി പി 15 കോടി രൂപ വായ്പയെടുത്തു. കൂടാതെ, പരമാവധി അഞ്ചു ശതമാനം പലിശയ്ക്ക് മാത്രം നല്കേണ്ട തുക 18 ശതമാനം വരെ പലിശയ്ക്ക് നല്കിയെന്നാണ് വി എസിന്റെ ആരോപണം.
വെള്ളാപ്പള്ളി നടേശനെ കൂടാതെ, യോഗം പ്രസിഡന്റ് എം എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് ചുമതലക്കാരന്‍ കെ കെ മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം ഡി എന്‍ നജീബ് എന്നിവരെയും പ്രതികളാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.