മമ്മൂട്ടിയും പിണറായി വിജയനും ഒരുപോലെ, മലയാളികളുടെ വല്യേട്ടനാണ് പിണറായി: ഷാജി കൈലാസ്

സുബിന്‍ ജോഷി| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (13:50 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ എന്തെങ്കിലും സാമ്യതയുണ്ടോ? ഒരുപാട് സാമ്യതകളുണ്ടെന്ന് വളരെ നേരത്തേ തന്നെ ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ ഷാജി കൈലാസ് വ്യക്‍തമാക്കിയിട്ടുണ്ട്.

പരുക്കന്‍ ഇമേജാണ് ഇരുവരെക്കുറിച്ചും സമൂഹത്തിന്‍റെ മുന്നിലുള്ളതെന്നും എന്നാല്‍ ഇവര്‍ ഉള്ളില്‍ എത്രമാത്രം ആര്‍ദ്രതയുള്ളവരാണെന്ന് അടുത്ത് പെരുമാറുന്നവര്‍ക്ക് അറിയാമെന്നുമാണ് ഷാജി കൈലാസിന്‍റെ അഭിപ്രായം. ഒരാള്‍ക്ക് ഒരു സഹായം ആവശ്യമായി വന്നാല്‍ മുഖം നോക്കാതെ അവര്‍ക്കുവേണ്ടി ഓടി വരുന്നവരാണ് ഇരുവരും. നല്ല കാലങ്ങളില്‍ കൂടെ നില്‍ക്കുന്നവരല്ല, ആപത്തുകാലത്ത് കൈവിടാതെ നമുക്ക് കൈതരുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. സാധാരണ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനുണ്ടെന്ന് എഫ് ബി പോസ്റ്റില്‍ ഷാജി കൈലാസ് വ്യക്‍തമാക്കിയിരുന്നു.

എന്ത് പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ എല്ലാ മലയാളികളിലും പ്രകടമാണ്. പിണറായി വിജയന്‍റെ അചഞ്ചലവും അനിഷേധ്യവുമായ നിലപാടുകള്‍ അദ്ദേഹത്തെ മലയാളികള്‍ക്ക് ഒരു നല്ല സഖാവും സുഹൃത്തുമാക്കി മാറ്റുന്നു എന്നും ഷാജി കൈലാസ് വ്യക്‍തമാക്കുന്നു.

"സഹോദരങ്ങള്‍ക്ക് ആശയവും അഭയവുമാകുന്ന അറയ്‌ക്കല്‍ മാധവനുണ്ണിയുടെ കഥയായിരുന്നു വല്യേട്ടന്‍. സ്‌നേഹം ഉള്ളില്‍ ഒളിപ്പിച്ചുവച്ച ആ പരുക്കന്‍ ഭാവത്തെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളം മറ്റൊരു വല്യേട്ടന്‍റെ തണലിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ എന്ന കരുത്തന്‍റെ കരുതലിന്‍റെയും ശ്രദ്ധയുടെയും മുമ്പില്‍ ഞാനടക്കമുള്ള മലയാളികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു” - ഷാജി കൈലാസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :