രേണുക വേണു|
Last Modified വ്യാഴം, 9 ജൂണ്‍ 2022 (21:17 IST)
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് കോടതിയില്‍ നിന്ന് തിരിച്ചടി. മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നു കോടതി വ്യക്തമാക്കി.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ.പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം-വന്യജീവി നിയമപ്രകാരം കുറ്റകരമാണെന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കസ്റ്റഡിയിലെടുക്കാതെ മോഹന്‍ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. തൊണ്ടിമുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.