Rain Holiday: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി
നാളെ (ജൂൺ 9) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്
Rain Holiday: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ജൂൺ 9) അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷം മധ്യ-പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതൽപ്രദേശങ്ങൾ, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചു. ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ഏകദേശം 15°N അക്ഷാംശരേഖയ്ക്ക് സമാന്തരമായി ഒരു ന്യുനമർദ്ദ പാത്തി (Shear Zone) സ്ഥിതിചെയ്യുന്നു
കൊങ്കൺ തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതചുഴി (Cyclonic Circulation) സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരും.
നാളെ (ജൂൺ 9) കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.