എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്, തിരിച്ചും ഞാന്‍ സല്യൂട്ട് ചെയ്തു; ന്യായീകരിച്ച് സുരേഷ് ഗോപി

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:48 IST)

സല്യൂട്ട് വിവാദത്തില്‍ ന്യായീകരിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചതില്‍ തെറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 'സാര്‍ എന്ന് അഭിസംബോധന ചെയ്താണ് എസ്.ഐയോട് സംസാരിച്ചത്. വളരെ മാന്യമായാണ് പെരുമാറിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞങ്ങളുടെ ടീമിന്റെ കൈയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്തു. ഞാനും തിരിച്ച് സല്യൂട്ട് ചെയ്തു,' സുരേഷ് ഗോപി പറഞ്ഞു. താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരില്‍ ചെയ്ത നല്ല കാര്യങ്ങള്‍ കേട്ട് വിറളിപൂണ്ടവരാണ് ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അത്തരക്കാരുടെ അസുഖങ്ങള്‍ക്ക് മരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.


അതേസമയം, തന്നെ കണ്ടിട്ടും സല്യൂട്ട് ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി കയര്‍ത്തതായാണ് റിപ്പോര്‍ട്ട്. തൃശൂരിലാണ് സംഭവം. രാജ്യസഭാ എംപിയായ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ തന്റെ അടുത്തേക്ക് വിളിപ്പിച്ച് സല്യൂട്ട് ചെയ്യിച്ചു. തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. താന്‍ രാജ്യസഭാ എംപിയാണെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :