എ കെ ജെ അയ്യർ|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (17:22 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് മുക്കുടിയിൽ
ചന്തവിള ഷംനാദ് മൻസിലിൽ ഷംനാദ് (23) ആണ് അറസ്റ്റിലായത്.
കരമന പൊലീസാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
കരമനയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇയാൾ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയത് ഒരു വര്ഷം മുമ്പാണ്. തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ സ്വർണ്ണം പൂശിയ പത്ത് ഗ്രാമിലേറെ വരുന്ന വള പണയം വച്ചാണ് ഇയാൾ പണം തട്ടിയത്.
സമാനമായ രീതിയിൽ വട്ടപ്പാറയിൽ ഒരു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
വട്ടപ്പാറയിൽ മുക്കുപണ്ടം പണയം വച്ച് പോലീസ് പിടിയിലായപ്പോൾ ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടാണ് കരമനയിലെ സ്ഥാപന ജീവനക്കാർ തങ്ങളുടെ സ്ഥാപനത്തിൽ പണയം വച്ച ഉരുപ്പടി വിശദമായി പരിശോധിച്ചതും മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും.