എ കെ ജെ അയ്യർ|
Last Modified ശനി, 4 നവംബര്‍ 2023 (15:28 IST)
കണ്ണൂർ: പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കനത്തിൽ സ്വർണ്ണം പൂശിയ ആഭരങ്ങൾ പണയം വച്ച് ബാങ്കിനെ കബളിപ്പിച്ചു 73 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ മൂന്നു സ്ത്രീകൾ കൂടി പോലീസ് വലയിലായി. തളിപ്പറമ്പ് പൊലീസാണ് പ്രതികളെ പിടികൂടിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖാ ചീഫ് മാനേജരാണ് പരാതി നൽകിയത്.
കേസിലെ രണ്ടാം പ്രതിയായ പിലാത്തറ അരത്തിപ്പറമ്പ് സ്വദേശിനി ഫൗസിയ, മൂന്നാം പ്രതി അരത്തിപ്പറമ്പ് സ്വദേശിനി റസിയ, മാട്ടൂൽ സ്വദേശി താഹിറ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കേസിലെ എട്ടാം പ്രതി ചെറുകുന്ന് സ്വദേശി നദീറയെ
കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി ജാഫർ, മുബീന അസീസ്, ഹവാസ് ഹമീദ് എന്നിവരെ മുമ്പ് തന്നെ പിടികൂടിയിരുന്നു. ഇനിയും മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
2020 നവംബർ 25 മുതൽ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫർ, ബന്ധുക്കൾ, ഇവരുടെ സുഹൃത്തുക്കളായ റസിയ, ഫൗസിയ, മുബീന അസീസ്, ഹവാസ് ഹമീദ്, സമീറ, അഹമ്മദ്, നദീർ, കുഞ്ഞാമിന, താഹിറ അഷ്‌റഫ് എന്നിവർ ചേർന്ന് 2.073 കിലോ വ്യാജ സ്വർണ്ണത്തിന്റെ ലോക്കറ്റ് പണയം വച്ച് 72.70 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
വ്യാജ ആഭരങ്ങളിൽ കനത്തിലായിരുന്നു സ്വർണ്ണം പൂശിയിരുന്നത്. അതിനാൽ അപ്രൈസർ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണയം വച്ച സാധനങ്ങൾ തിരിച്ചെടുക്കാത്തതിനെ തുടർന്ന് ലേലം ചെയ്യാൻ മുറിച്ചു പരിശോധിച്ച്. അപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 2022 നവംബറിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.