മുക്കുപണ്ടം വച്ച് പണം തട്ടാൻ ശ്രമം : മൂന്നു പേർ കൂടി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (17:34 IST)
കോട്ടയം : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുക്കോട് സ്വദേശി അബ്ദുൽ സലാമ്, ഇടുക്കി കുട്ടപ്പൻസിറ്റി സ്വദേശി അഖിൽ ബിനു, കോതമംഗലം സ്വദേശി ബിജു എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏഴാം തീയതി വേലൂർ മാനിക്കുന്നത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ദിൽജിത്ത് എന്നയാൾ സ്വർണ്ണമെന്ന രീതിയിൽ മുക്കുപണ്ടം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണിപ്പോൾ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പണയം വയ്ക്കാൻ ദിൽജിത്ത് എത്തിയപ്പോൾ സംശയം തോന്നിയ സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയും വെസ്റ്റ് പോലീസ് എത്തി ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൂട്ടാളികളായ മൂന്നു പേരെ ഇപ്പോൾ പോലീസ് പിടിച്ചത്. സ്ഥിരമായി മുക്കുപണ്ടം നിർമ്മിച്ച് പണയപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘമാണിത് എന്ന് പോലീസ് കണ്ടെത്തി. വെസ്റ്റ് എസ്എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പട്ടാമ്പി, ചങ്ങനാശേരി, തൃക്കൊടിത്താനം, കറുകച്ചാൽ, തൃശൂർ ഈസ്റ്റ്, ചെങ്ങന്നൂർ എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ അബ്ദുൽ സലാമിനെതിരെ നിരവധി കേസുകളുണ്ട്. ഇതിനൊപ്പം മലയാലപ്പുഴ, ഇടുക്കി, കിളികൊല്ലൂർ എന്നീ സ്റ്റേഷനുകളിൽ അഖിൽ ബിനുവിനെതിരെയും കേസുണ്ട്. തൊടുപുഴ, വീയപുരം, അമ്പലപ്പുഴ, വെള്ളത്തൂവൽ, ആലുവ, പന്തളം, ചങ്ങാനാശേരി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ബിജുവിനെതിരെയും കേസുകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :