തൃശൂര്‍ അടക്കം അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക

രേണുക വേണു| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (13:01 IST)

അതിശക്തമായ മഴയെ തുടര്‍ന്ന് തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ ശക്തമായ മഴ മേഘങ്ങള്‍ കേരള തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ തെക്കന്‍, മധ്യ കേരളത്തില്‍ മഴ ശക്തമാകും.


അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കന്‍-മധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :