സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2025 (09:53 IST)
രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിമാനമാര്‍ഗം റായ് പൂരില്‍ എത്തിക്കും. ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി അതിക്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നും 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി റവന്യൂ മന്ത്രി കെ രാജന്‍ ഉറപ്പു നല്‍കിയതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്നു മണിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകും. അതേസമയം ആള്‍ക്കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി. കൂട്ടക്കൊലയില്‍ പിടിയിലായ പ്രതികളില്‍ നാലുപേര്‍ ബിജെപി അനുഭാവികളും ഒരാള്‍ സിഐടിയു പ്രവര്‍ത്തകനുമാണ് എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കൂ എന്ന നിലപാടിലായിരുന്നു രാംനാരായണന്റെ കുടുംബം. തുടര്‍ന്ന് അവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കുടുംബത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.