ഉന്നാവോ ബലാത്സം​ഗക്കേസ്; സെൻ​ഗറിന് തിരിച്ചടി; ജാമ്യ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി

അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Unnao rape case, Supreme court, BJP
രേണുക വേണു| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2025 (14:43 IST)
ഉന്നാവോ ബലാത്സം​ഗക്കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ബിജെപി എംഎൽഎ കുൽദീപ് സെൻ​ഗറിന് ജാമ്യ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.

നിയമപരമായ വിഷയങ്ങൾ പരി​ഗണിക്കേണ്ടതുണ്ടെന്നും ഉത്തര്വ പുറപ്പെടുവിച്ച ജഡ്ജിമാർ പ്ര​ഗത്ഭരാണെങ്കിലും തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഡിസംബർ 23നായിരുന്നു കുൽദീപ് സെൻ​ഗാറിന് ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദി‍ച്ചത്.
ശിക്ഷ മരവിപ്പിച്ചിരുന്നുവെങ്കിലും ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ജയിലിൽ കഴിയുന്നതിനാൽ സേംഗർ പുറത്തിറങ്ങിയിരുന്നില്ല. കുട്ടികളെ ബലാത്സം​ഗം ചെയ്യുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവായിരുന്നു സെൻ​ഗറിന് വിധിച്ചത്. എന്നാൽ സിറ്റിങ് എംഎൽഎയായ സെൻ​ഗർ പൊതുസേവകൻ്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയായിരിക്കും ബാധകമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 2017ൽ നടന്ന കേസിൽ സെൻ​ഗർ ഏഴ് വർഷവും അഞ്ച് മാസവും നീളുന്ന തടവ് പൂർത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ ഉന്നാവോ അതിജീവിത പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. പ്രതിക്ക് ജാമ്യം കിട്ടാനുള്ള കാരണം സിബിഐയുടെ കുറ്റവാളിക്ക് അനുകൂലമായ നിലപാടാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ വിശ്വാസമുണ്ടെന്നും അവിടെ നിന്നും തനിക്ക് നീതി ലഭിക്കുമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിബിഐ നേരത്തേതന്നെ കർശനമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ തനിക്ക് നീതി ലഭിക്കുമായിരുന്നുവെന്നും പ്രതിക്ക് ജാമ്യം ലഭിക്കില്ലായിരുന്നുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന അതിജീവിതയെ ബിജെപി എംഎഎൽഎയായ കുൽദീപ് സിങ് സെൻ​ഗാർ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ​ഗുരുതര പരിക്കേറ്റതിന് പിന്നിലും സെൻ​ഗാറിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തിരുന്നു. 2018ൽ നിയമപോരാട്ടം നടക്കേ പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. കുൽദീപ്​ സിങ്​ സെങ്കാറും കൂട്ടാളികളും ചേർന്ന്​ പെൺകുട്ടിയുടെ പിതാവിനെ മർദിക്കുകയും പിന്നീട്​ കേസിൽപ്പെടുത്തി അറസ്​റ്റ്​ ചെയ്യിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കുൽദീപ് സിം​ഗ് അടക്കം എഴ് പ്രതികൾക്കാണ് കോടതി 10 വർഷം തടവ് വിധിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :