പ്ളസ് ടുവില്‍ സര്‍ക്കാര്‍ തോറ്റു; 20 സ്കൂളുകള്‍ക്ക് പ്ളസ് ടു ഇല്ല

 ഹയർ സെക്കൻഡറി , ഹൈക്കോടതി , സ്റ്റേ
കൊച്ചി| jibin| Last Updated: തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:09 IST)
ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ ഇല്ലാതെ പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ പ്രവേശനം നടത്തുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഇത്തരത്തിലുള്ള 104 സ്കൂളുകളാണ് ഈ പട്ടികയിൽ വരിക.

ഇതിനാല്‍ ഇരുപത് സ്കൂളുകള്‍ക്ക് പ്ളസ് ടു ഇല്ലാതെ വരും. മതിയായ സൌകര്യമോ സാഹചര്യമോ ഇല്ലാത്ത സ്കൂളുകള്‍ക്ക് അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു.
ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ ചെയ്യാത്ത സ്കൂളുകള്‍ക്ക് പ്ളസ് ടു അനുവദിക്കരുതെന്നും.

ഇതൊരു ഇടക്കാല ഉത്തരവാണെന്നും മറ്റ് സ്കൂളുകൾക്ക് താൽക്കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. പുതിയതായി അനുമതി ലഭിച്ച സ്‌കൂളുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

മെറിറ്റ് അടിസ്ഥാനമാക്കിയല്ല പല സ്കൂളുകൾക്കും പ്ളസ് ടു അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്കൂളുകളും കോഴ്സുകളും അനുവദിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തിയതിൽ അവ്യക്തതയുണ്ട്. ഇക്കാര്യം സർക്കാർ ഹാജരാക്കിയ രേഖകളിലും പരാമർശിക്കുന്നില്ല. പ്ളസ് ടു അനുവദിക്കുന്നതിന് അപേക്ഷിച്ച സ്കൂളുകളുടെ യോഗ്യത എന്താണെന്ന് വേണ്ടവിധം പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തി.

എം.എൽ.എമാരുടെ നിർദ്ദേശ പ്രകാരമാണ് ചിലയിടങ്ങളിൽ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതെന്ന് സർക്കാർ പറയുന്നു. എന്നാൽ എം.എൽ.എമാരോട് ചർച്ച ചെയ്തതിനുള്ള രേഖകളൊന്നും തന്നെ സർക്കാർ ഹാജരാക്കിയിട്ടില്ല. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകൾക്കും പ്ളസ് ടു അനുവദിച്ചതായി മനസിലാക്കാനായതായും കോടതി പറഞ്ഞു. സർക്കാർ ഹാജരാക്കിയ ഫയലുകളുടെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഒരവസരത്തിൽ കോടതി പറഞ്ഞു.


ഡയറക്ടര്‍ അനുമതി നല്‍കിയ സ്കൂളുകള്‍ക്ക് പ്ളസ് ടു നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. വിധി ഉചിതമായതെന്നാണ് എംഇഎസ് പ്രതീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :