നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 20 മെയ് 2021 (15:46 IST)
കേരള ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം സ്വന്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാര്‍ വീണ്ടും ഭരണത്തിലെത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി. അതിന്റെ അമരക്കാരനായി 76 കാരന്‍ പിണറായി വിജയന്‍.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ സ്വാഗതം ചെയ്യാന്‍ പിണറായി ഉണ്ടായിരുന്നു. ശേഷം ദേശീയ ഗാനം. അതിനു പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. മന്ത്രിസഭയുടെ നായകന്‍ പിണറായി വിജയന്റേതായിരുന്നു ആദ്യത്തെ ഊഴം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഹസ്തദാനം നല്‍കി പിണറായി വേദിയിലേക്ക് കയറി. സദസിനെ നോക്കി കൈ വീശി കാണിച്ചു. ശേഷം സഗൗരവം സത്യപ്രതിജ്ഞ ചെയ്തു, 'പിണറായി വിജയനായ ഞാന്‍...'