രേണുക വേണു|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (09:55 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍. കേസില്‍ വിധി വന്നതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി.രാജീവും ഫോണിലൂടെ ബന്ധപ്പെട്ടു. അതിജീവിതയ്ക്കു വേണ്ടി ഏത് നിയമപോരാട്ടത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന കാര്യം മന്ത്രി പി.രാജീവ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചെന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം ആണെന്നും മന്ത്രി രാജീവ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചു. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.