രേണുക വേണു|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (14:07 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. നിയമമന്ത്രി പി.രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചെന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം ആണെന്നും മന്ത്രി രാജീവ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചു. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.
അതേസമയം വിചാരണ കോടതി വിധിക്കു ശേഷം ദിലീപ് മാധ്യമങ്ങളോടു നടത്തിയ പ്രതികരണം വിവാദമായിരിക്കുകയാണ്. മുന്‍ഭാര്യ മഞ്ജു വാരിയറുടെ ഒരു പ്രസ്താവനയില്‍ നിന്നാണ് തനിക്കെതിരായ ഗൂഢാലോചനയുടെ തുടക്കമെന്നാണ് ദിലീപ് പറഞ്ഞത്.
'സര്‍വ്വശക്തനായ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്. പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു കൂട്ടം ക്രിമിനല്‍ പൊലീസുകാരും ചില മാധ്യമങ്ങളും എനിക്കെതിരെ നീക്കങ്ങള്‍ നടത്തി. മുഖ്യപ്രതിയെ കൂട്ടുപിടിച്ച്, അയാള്‍ക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ക്രിമിനല്‍ സംഘത്തെ കൂടി കൂട്ടുപിടിച്ച് ഈ കള്ളസംഘം എനിക്കെതിരെ കഥകള്‍ മെനഞ്ഞു. ഇക്കാലയളവില്‍ എന്നെ വിശ്വസിച്ചു കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,' കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ദിലീപ് പ്രതികരിച്ചു.