രേണുക വേണു|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (09:30 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ പൂര്‍ണമായി പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സര്‍ക്കാര്‍ അപ്പീലിനു പോകരുതെന്നും ദിലീപിനു നീതി ലഭിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
' ദിലീപിനെ സംബന്ധിച്ചിടുത്തോളം അദ്ദേഹത്തിനു നീതി ലഭ്യമായി എന്നുപറയാം. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇത്. ദിലീപിനെ എനിക്ക് അറിയാം, കലാകാരന്‍ എന്നനിലയില്‍ മാത്രമല്ല നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ്. ദിലീപിനെതിരെയുള്ള പൊലീസിന്റെ ഗൂഢാലോചനയാണ്. അപ്പീലുമായി പോകാന്‍ സര്‍ക്കാരിനു വേറെ പണിയില്ലേ?,' അടൂര്‍ പ്രകാശ് ചോദിച്ചു.
അതേസമയം വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചു. നിയമമന്ത്രി പി.രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചെന്നും സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം ആണെന്നും മന്ത്രി രാജീവ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചു. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.