പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: മൂന്നേകാല്‍ ലക്ഷം തട്ടിയ സ്ത്രീ പിടിയില്‍

പത്തനംതിട്ട| എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 28 ജൂലൈ 2020 (09:14 IST)
പോസ്റ്റ് ഓഫീസ് നിക്ഷേപവുമായി ബന്ധപ്പെട്ട മൂന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍
പോസ്റ്റല്‍ അസിസ്റ്റന്റായ നാല്പത്തിനാലുകാരി പോലീസ് പിടിയിലായി. തുമ്പമണ്‍ താഴം തുണ്ടിയില്‍ വീട്ടില്‍ സിന്ധു ആര്‍.നായരാണ് പന്തളം പോലീസ് വലയിലായത്.
കുളനട പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന 2016 - 2018 കാലയളവില്‍ മൂന്നു പേരില്‍ നിന്നായി മൂന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു
എന്നതായിരുന്നു കേസ്.

അഡീഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് പന്തളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു ലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ള പ്രത്യേക സ്‌കീമിലേക്ക് ഒരാളില്‍ നിന്ന് മൂന്നു ലക്ഷം രൂപ വാങ്ങിയത് പോസ്റ്റ് ഓഫീസില്‍ അടച്ചില്ല. എന്നാല്‍ പാസ്ബുക്കും സീലും രഹസ്യമായി എടുത്ത് അതില്‍ പണം വരവ് ചെയ്ത നിക്ഷേപകന് നല്‍കുകയും ചെയ്തിരുന്നു.

ഇതിനൊപ്പം രണ്ട് നിക്ഷേപകരില്‍ നിന്നായി പതിനയ്യായിരം, ഒമ്പതിനായിരം രൂപാ വീതം വ്യാജ ഒപ്പിട്ടു പിന്‍വലിച്ച മറ്റൊരു കേസും ഇവര്‍ക്കെതിരെയുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് 2018 ല്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് വകുപ്പ് തല അന്വേഷണത്തിലാണ് ഇവര്‍ കുറ്റക്കാരിയെന്നു കണ്ടതും പോലീസില്‍ പരാതിപ്പെട്ടതും. പന്തളം സി.ഐ ശ്രീകുമാറാണ് ഇവരെ അറസ്‌റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :