ബി നിലവറ പലതവണ തുറന്നിരുന്നതായി വിനോദ് റായിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം| VISHNU.NL| Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (17:45 IST)
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം പൊളിയുന്നു. നിലവറ മുമ്പ് പലവട്ടം തുറന്നിരുന്നതായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പിന് സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സിഐജി ഡയറക്ടറാണ് വിനോദ് റായ്.

1990 രണ്ടുതവണയും 2002ല്‍ അഞ്ചുതവണയും തുറന്നിരുന്നതായാണ് വിനോദ് റായി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഇല്ലായെന്നും അതിനാല്‍ കഴിഞ്ഞ 15 വര്‍ഷത്തേ ക്ഷേത്രത്തിലെ കണക്കെടുക്കാന്‍ പ്രത്യേക ഓഡിറ്റ് വേണമെന്നും വിനോദ് റായി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും തൂക്കത്തില്‍ ക്രിത്യതയില്ലായെന്നും ബി നിലവറയില്‍ നിന്ന് സ്വര്‍ണ്ണ പാത്രങ്ങളും വെള്ളിക്കട്ടകളും പുറത്തേക്കു കൊണ്ടുപോയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മഹസര്‍ രേഖകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ബി നിലവറ തുറന്നതായി കണ്ടെത്തിയിരിക്കുന്നത്.

നേരത്തേ ബി നിലവറ തുറക്കാന്‍ പാടില്ലെന്നും തുറന്നാല്‍ ദോഷങ്ങളുണ്ടാകുമെന്നും അതിനാലിത് കാലങ്ങളായി തുറക്കാറില്ലെന്നും രാജകുടുംബം വാദിച്ചിരുന്നു. എന്നാല്‍ 2005ലും നിലവറ തുറന്നു എന്നാണ് വിനോദ് റായി കണ്ടത്തിയിരിക്കുന്നത്. ഇതൊടെ നിലവറ തുറന്ന് പരിശോധിക്കാനും കണക്കെടുക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :