ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:43 IST)
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര ഘടകത്തിന് പങ്കില്ലെന്ന് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എ ബി ബര്‍ദന്‍. സംസ്ഥാന ഘടകം നല്‍കിയ പേരുകള്‍ അംഗീകരിക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഭരണഘടന പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുത്തിരിക്കുകയെന്നും ബര്‍ദന്‍ പറഞ്ഞു. സിപിഐയിലെ സീറ്റ് വിവാദം സംബന്ധിച്ചും സി ദിവാകരനെതിരായ നടപടിയെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു എ ബി ബര്‍ദന്‍.
ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സി ദിവാകരനെതിരേ നടപടിയെടുക്കാന്‍ ദേശീയ എക്‌സിക്യൂട്ടീവിനാണ് അധികാരം എന്ന രീതിയിലായിരുന്ന കഴിഞ്ഞ ദിവസം ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചിരുന്നത്. ഇതിന് വിഭിന്നമായാണ് മുതിര്‍ന്ന നേതാവ് കൂടിയായ ബര്‍ദന്റെ പ്രതികരണം. അച്ചടക്ക നടപടി സംബന്ധിച്ച് ദേശീയ തലത്തിലും അഭിപ്രായ ഭിന്നതയുള്ളതായി സൂചനകളുണ്ടായിരുന്നു. എ ബി ബര്‍ദന്റെ പ്രതികരണത്തോടെ ഇത് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്
തിരുവനന്തപുരത്തെ സിപിഐയുടെ തോല്‍വി അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സംസ്ഥാന കൗണ്‍സില്‍ ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി എടുത്തത്. പണം വാങ്ങി ബെന്നറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയെന്ന ആരോപണം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി ദിവാകരനെ സംസ്ഥാന കൗണ്‍സിലിലേക്കും ജനയുഗം എംഡിയും എക്‌സിക്യുട്ടിവ് അംഗവുമായ പി രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേക്കും തരംതാഴ്ത്തി. തിരുവനന്തരപുരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമ്മൂട് ശശിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.