1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Operation Toofan The Narco Hunt

ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്: വിവരങ്ങള്‍ കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും സജ്ജമാക്കും

Ramesh chennithala, VD Satheesan, Kerala CM, Congress Kerala, Kerala News
ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നിയമ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍; ദി നാര്‍ക്കോ ഹണ്ട്'ന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 02ന് വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടന്‍ തന്നെ മന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചിരുന്നു.
 
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായ ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിര്‍വഹിക്കും.
 
സിന്തറ്റിക് ഡ്രഗ്‌സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കും.
 
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കും. ക്യാമ്പസുകളിലെയും റസിഡന്‍ഷ്യല്‍ മേഖലകളിലെയും മലിനജല പരിശോധന വഴി ഹോട്ട്‌സ്പോട്ടുകള്‍ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാര്‍ട്ട് പട്രോളിംഗ് നടത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്‌കൂള്‍ തലത്തില്‍ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും  ലഹരി മാഫിയയില്‍ നിന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക