രേണുക വേണു|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:55 IST)
Onam Bumper 2023: ഓണം ബംപര്‍ 2023 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടിയാണ് ഒന്നാം സമ്മാനം. എന്നാല്‍ ഒന്നാം സമ്മാനത്തിനു അര്‍ഹനാകുന്ന ഭാഗ്യശാലിക്ക് ഈ 25 കോടിയും കൈയില്‍ കിട്ടില്ല. നികുതി, സെസ്, കമ്മീഷന്‍ എന്നിവയെല്ലാം കിഴിച്ച് ഏതാണ്ട് 25 കോടിയുടെ പകുതി മാത്രമേ സമ്മാനര്‍ഹമായ ടിക്കറ്റിന് ലഭിക്കൂ. കണക്കുകള്‍ ഇങ്ങനെ..!
25 കോടിയില്‍ നിന്ന് ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷന്‍ ലഭിക്കും. അതായത് രണ്ടരക്കോടി രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ പോകുക. 30 ശതമാനം ആദായനികുതി വകുപ്പിന്. 6 കോടി 75 ലക്ഷം രൂപയാണ് നികുതിയായി കൊടുക്കേണ്ടത്. അതുകഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ ഈ തുക മുഴുവന്‍ ഭാഗ്യശാലിക്ക് കിട്ടില്ല.
15 കോടി 75 ലക്ഷം രൂപയില്‍ നിന്ന് സര്‍ച്ചാര്‍ജും സെസും അടയ്ക്കണം. നികുതി തുകയായ 6 കോടി 75 ലക്ഷത്തിന്റെ 25 ശതമാനമാണ് സര്‍ച്ചാര്‍ജ് ആയി അടയ്‌ക്കേണ്ടത്. അതായത് 1,68,75,000 രൂപ. ഹെല്‍ത്ത് ആന്റ് എജ്യൂക്കേഷന്‍ സെസ് ഇനത്തില്‍ നാല് ശതമാനം, അഥവാ 27 ലക്ഷം രൂപ അടയ്ക്കണം. ഇതെല്ലാം കഴിഞ്ഞ് ഭാഗ്യശാലിക്ക് സ്വന്തമായി ലഭിക്കുന്നത് 14 കോടിക്ക് താഴെ ! കൃത്യമായി പറഞ്ഞാല്‍ 13,79,25,000 രൂപ മാത്രം.