‘വിദ്യാഭ്യാസത്തിലല്ല, പ്രായോഗികബുദ്ധിയിലാണ് കാര്യം’

കൊച്ചി| Last Modified വെള്ളി, 30 മെയ് 2014 (15:40 IST)
ഒരാള്‍ എത്രവരെ പഠിച്ചു എന്നതിലല്ല അയാള്‍ക്ക് പ്രായോഗിക ബുദ്ധിയുണ്ടോ എന്നതിലാണ് കാര്യമെന്ന് ഇന്നസെന്റ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറിയില്‍ പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ അറിവ് പുറത്തുനിന്ന് ലഭിക്കും. ഈ പ്രായോഗിക അറിവാണ് പ്രധാനം. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. തനിക്ക് സ്മൃതി ഇറാനിയുടെ പകുതി വിദ്യാഭ്യാസമേ ഉള്ളൂ. തന്നേക്കാളും കുറവാണ് കാമരാജിന്റെ വിദ്യാഭ്യാസം. അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായില്ലേ? അതുകൊണ്ട് വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ ഒന്നും വലിയ കാര്യമില്ല. നല്ല വിദ്യാഭ്യാസമുള്ളവര്‍ അവരേക്കാള്‍ മോശപ്പെട്ട വിദ്യാഭ്യാസമുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതു കാണാമെന്നും ഇന്നസെന്റ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വഴക്കുണ്ടാകേണ്ട കാര്യമില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. നമുക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞ് നേടിയെടുക്കാമല്ലോ. ഡെല്‍ഹിയില്‍ പരിചയക്കാര്‍ കുറേപ്പേരുണ്ട്. ഞാന്‍ ചെയ്ത നിരവധി വേഷങ്ങള്‍ ഹിന്ദിയില്‍ ചെയ്ത പരേഷ് റാവല്‍ പാര്‍ലമെന്റിലുണ്ട്. ഇതൊക്കെ സഹായകരമാണെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :