നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

ഒരുഘട്ടത്തില്‍ ശശി തരൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് തരൂരിന്റെ തീരുമാനം

Corporation Election, Kerala Elections, Sabarinathan, UDF Candidate,കോർപ്പറേഷൻ തിരെഞ്ഞെടുപ്പ്,കേരള തിരെഞ്ഞെടുപ്പ്,ശബരീനാഥൻ, യുഡിഎഫ് സ്ഥാനാർഥി
രേണുക വേണു| Last Modified ശനി, 10 ജനുവരി 2026 (14:53 IST)

നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ക്യാംപ്. നേമത്ത് ജയസാധ്യത കുറവായതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസിലെ പ്രധാനികള്‍ തയ്യാറല്ല. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരന്‍ ഇത്തവണ നേമത്തേക്ക് ഇല്ലെന്നു നേരത്തെ തീരുമാനമെടുത്തിരുന്നു. ഇക്കാരണത്താലാണ് പുതിയ സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ ആരംഭിച്ചത്.

ഒരുഘട്ടത്തില്‍ ശശി തരൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് തരൂരിന്റെ തീരുമാനം.

നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കില്‍ ബിജെപിക്കു ഗുണമാകാന്‍ വേണ്ടി കോണ്‍ഗ്രസ് 'മറ്റത്തൂര്‍ മോഡല്‍' ആവര്‍ത്തിക്കുകയാണെന്ന ആക്ഷേപം ഉയരും. അതുകൊണ്ടാണ് കെ.മുരളീധരന്‍, കെ.എസ്.ശബരിനാഥന്‍, ശശി തരൂര്‍ തുടങ്ങിയവരെ ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ജയസാധ്യത കുറവായതിനാല്‍ പല പ്രമുഖ നേതാക്കളും ഈ സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെപിസിസിയെ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കെ.എസ്.ശബരിനാഥന്‍ ആയിരിക്കും നേമത്ത് സ്ഥാനാര്‍ഥിയാകുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.ശിവന്‍കുട്ടിയും ബിജെപി സ്ഥാനാര്‍ഥിയായി രാജീവ് ചന്ദ്രശേഖരനുമായിരിക്കും നേമത്ത് മത്സരിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :