ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി20 പരമ്പര: വേദി തിരഞ്ഞെടുപ്പിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

Shashi tharoor, India vs SA, Lucknow AQI, Fog,ശശി തരൂർ, ഇന്ത്യ- ദക്ഷിണാഫ്രിക്ക, ലഖ്നൗ, വായുഗുണനിലവാരം
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2025 (14:05 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ലഖ്‌നൗവില്‍ ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ബിസിസിഐയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.
കനത്ത മൂടല്‍മഞ്ഞും മോശം വായു ഗുണനിലവാരവും കാരണം മത്സരം നടത്താന്‍ സാധിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമര്‍ശനം.

നാലാം ടി20 മത്സരം നടക്കേണ്ടിയിരുന്ന ഏകാന സ്റ്റേഡിയത്തിന്റെ വായു ഗുണനിലവാര സൂചിക 400ന് മുകളിലായിരുന്നു. കാലാവസ്ഥയും പരിസ്ഥിതി പ്രശ്‌നങ്ങളും കണക്കിലെടുക്കാതെ ബിസിസിഐ വേദികള്‍ തിരെഞ്ഞെടുത്തതിനെയാണ് തരൂര്‍ കുറ്റപ്പെടുത്തിയത്. ശീതകാലത്ത് വടക്കെ ഇന്ത്യന്‍ നഗരങ്ങളില്‍ മൂടല്‍മഞ്ഞും മോശം വായുനിലവാരവും പതിവാണെന്നിരിക്കെ അവിടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദി പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് തരൂര്‍ വ്യക്തമാക്കിയത്. ഈ സമയത്ത് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് മത്സരങ്ങള്‍ നിശ്ചയിക്കാമായിരുന്നെന്നും മികച്ച വായുനിലവാര സൂചികയാണ് തിരുവനന്തപുരത്തിനുള്ളതെന്നും തരൂര്‍ പറഞ്ഞു.

കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്.
ബിസിസിഐയുടെ വേദി തിരെഞ്ഞെടുപ്പിനെ ചൊല്ലി സോഷ്യല്‍ മീഡിയകളിലും വിമര്‍ശനം ശക്തമാണ്. ക്രിക്കറ്റില്‍ മാത്രമല്ല ഏതൊരു മത്സരവും ഇത്തരം പരിതസ്ഥിതിയില്‍ സംഘടിപ്പിക്കരുതെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :