സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 ഡിസംബര്‍ 2025 (19:46 IST)
ഇന്ത്യന്‍ റെയില്‍വേയുടെ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ശേഷി ഇരട്ടിയാക്കുന്നതിനായി തിരഞ്ഞെടുത്ത 48 നഗരങ്ങളുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ ഡോ. ശശി തരൂര്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
നഗരങ്ങളിലെ റെയില്‍വേ ഹബ്ബുകളിലെ തിരക്ക് പരിഹരിക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ ഈ പട്ടികയില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ദക്ഷിണ റെയില്‍വേയിലെ ആറ് പ്രധാന ഡിവിഷനുകളില്‍ ലൊന്നായ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആസ്ഥാനമാണ് തിരുവനന്തപുരം. 625 റൂട്ട് കിലോമീറ്ററോളം വിസ്തൃതിയുള്ള ഒരു ഡിവിഷന്‍ ആസ്ഥാനത്തെ ഇത്തരമൊരു വികസന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അത്ഭുതകരമാണ്.
കേരളത്തിന്റെ തലസ്ഥാനം എന്ന നിലയിലും, ദേശീയ ഖജനാവിലേക്കും റെയില്‍വേ വരുമാനത്തിലേക്കും ഗണ്യമായ സംഭാവന നല്‍കുന്ന നഗരം എന്ന നിലയിലും തിരുവനന്തപുരത്തിന് അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. തിരുവനന്തപുരം സെന്‍ട്രലിലെ തിരക്ക് കുറയ്ക്കുന്നതിനായി സാറ്റലൈറ്റ് ടെര്‍മിനലുകളായ നേമം, കൊച്ചുവേളി എന്നിവയുടെ വികസനം അനിവാര്യമാണ്. ഈ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ നിരന്തരം ഉന്നയിച്ചിട്ടുള്ളതാണ്.
ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തേക്കുള്ള കവാടം എന്ന നിലയിലും, വിനോദസഞ്ചാര ഇടനാഴിയായും വളര്‍ന്നുവരുന്ന ഐടി ഹബ്ബായും തിരുവനന്തപുരം പ്രവര്‍ത്തിക്കുന്നു. പട്ടികയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെങ്കിലും, ഡിവിഷന്‍ ആസ്ഥാനം കൂടിയായ സംസ്ഥാന തലസ്ഥാനത്തെ ഒഴിവാക്കിയത് അടിയന്തരമായി തിരുത്തേണ്ട പിഴവാണ്. ഈ വിഷയം നേരിട്ട് പരിശോധിച്ച്, തിരഞ്ഞെടുത്ത നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാക്കണമെന്ന് ശശി തരൂര്‍ എംപി റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
റെയില്‍വേ അടിസ്ഥാന സൗകര്യ വികസനം തിരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും, അത് പ്രദേശത്തിന്റെ ഭരണപരമായ പ്രാധാന്യത്തിനും ആവശ്യങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്നും അദ്ദേഹം കത്തില്‍ ഓര്‍മ്മിപ്പിച്ചു.