മസ്‌കറ്റ്|
സജിത്ത്|
Last Modified തിങ്കള്‍, 2 മെയ് 2016 (08:00 IST)
ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ ഏഴു മണിക്കാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്തുമണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്കാരം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്. ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പൊലീസ് കസ്റ്റഡിയില്‍ത്തന്നെയാണ്. ലിന്‍സണ്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് ലിന്‍സണ് എത്താന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കുവിനെ ഏപ്രില്‍ 20-നാണ് ഒമാനിലെ സലാലയിലെ താമസസ്ഥലത്ത് കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കു ഡ്യൂട്ടിയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച പോയ ഭര്‍ത്താവ് ലിന്‍സനാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.