മദ്യപിക്കാന്‍ പണം നല്‍കുന്നില്ല, മാതാപിതാക്കളെ ജോണ്‍ സംരക്ഷിക്കുന്നു; പത്തുവയസുകാരനെ കൊലപ്പെടുത്താന്‍ അജിക്കുണ്ടായ പകയ്‌ക്ക് പല കാരണങ്ങള്‍

ജോണില്‍ നിന്ന് അജി പണം ആവശ്യപ്പെടുന്നത് സ്ഥിരം കാഴ്‌ചയുമായിരുന്നു

പത്തുവയസുകാരനെ കുത്തിക്കൊന്നു, പൊലീസ് , അജി , ജോണ്‍ , റിസ്‌റ്റി
കൊച്ചി| jibin| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (08:51 IST)
പുല്ലേപ്പടിയിൽ ചെറുകരയത്ത് ലെയ്നിൽ പത്തു വയസുകാരൻ റിസ്റ്റിയെ കൊലപ്പെടുത്തിയതിനു കാരണം കുട്ടിയുടെ പിതാവു ജോണിനോടു പ്രതി അജി ദേവസ്യക്കു തോന്നിയ വൈരാഗ്യമെന്ന് അനുമാനം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അജി തന്നെയാണു ഇതു സംബന്ധിച്ച സൂചന നൽകിയത്.

ലഹരി ഉപയോഗിക്കുന്ന അജി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അജിയുടെ ശല്ല്യം സഹിക്കാനാകാതെ വരുമ്പോള്‍ അജിയുടെ അമ്മ അഭയം തേടാറുള്ളത് ജോണിന്റെ വീട്ടിലായിരുന്നു. ഈ കാരണത്തില്‍ പ്രതിക്ക് ജോണിനോട് വൈരാഗ്യമുണ്ടായിരുന്നു.

ഓട്ടോറിക്ഷ തൊഴിലാളിയായ ജോണില്‍ നിന്ന് അജി പണം ആവശ്യപ്പെടുന്നത് സ്ഥിരം കാഴ്‌ചയുമായിരുന്നു. പണം നല്‍കാന്‍ മടിക്കുന്ന ജോണിനോട് പ്രതിക്ക് പ്രതിഷേധമുണ്ടായിരുന്നു. ഈ കാരണങ്ങളെല്ലാമായിരുന്നു പ്രതിക്ക് ജോണിനോട് വൈരാഗ്യം തോന്നാന്‍ കാരണമായത്. ഇതോടെ ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീർക്കാൻ മകൻ റിസ്റ്റിയെ ഇരയാക്കുകയായിരുന്നെന്നു സമീപവാസികൾ പൊലീസിനു വ്യക്തമായി.

പല ബിസിനസുകൾ തുടങ്ങിയെങ്കിലും എല്ലാം പരാജയപ്പെടുത്തിയതു ജോണാണെന്നാണ് അജിയുടെ ആരോപണം. എന്തു ബിസിനസാണു തുടങ്ങിയതെന്ന പൊലീസിന്റെ ചോദ്യത്തിനു ടൈൽ ബിസിനസ് എന്നായിരുന്നു മറുപടി. തന്നെ ഉപദ്രവിക്കാൻ ജോൺ പലരേയും പറഞ്ഞു വിട്ടതാണു വൈരാഗ്യത്തിനു കാരണമെന്നും അജി പൊലീസിനോടു പറഞ്ഞു. എന്നാൽ ജോൺ ഏതെങ്കിലും തരത്തിൽ അജിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്നു പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :