സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, നാടും നഗരവും അരിച്ചു പെറുക്കാന്‍ നിര്‍ദേശം, അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകള്‍

പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

  നിയമസഭ തെരഞ്ഞെടുപ്പ് , വ്യാജമദ്യ ദുരന്തം , പൊലീസ് , എക്‌സൈസ് , മദ്യനയം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 27 ഏപ്രില്‍ 2016 (17:55 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്.

പൊലീസ്, എക്‌സൈസ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകള്‍ നടപ്പാക്കി പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അബ്കാരികള്‍ വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ.ബാബു എക്സൈസ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈ കത്ത് മന്ത്രി പിന്നീട് ഫേസ്‌ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :