1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullappally press meet

സ്ത്രീവിരുദ്ധതയല്ല തന്റെ ശൈലിയെന്നും വിവാദം മനപൂര്‍വ്വമെന്നും മുല്ലപ്പള്ളി

MullappallyRamachandran
അരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ തൃണവത്കരിച്ച്  മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നേഴ്സുമാരും ആശാ-അംഗനവാടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ അവരാണ് അത്തരമൊരു വിജയത്തിന്റെ ശില്‍പ്പികള്‍. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ല. എന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഞാന്‍. സ്ത്രികളുടെ ഉന്നമനത്തിനും അവകാശപോരാട്ടത്തിനും മുന്നില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ്. അത് കേരളീയ പൊതുസമൂഹത്തിനറിയാം. ഈ അവസരത്തില്‍ എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സി.പി.എം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്. 
 
കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആര്‍.ഗൗരിയമ്മ. കൗരവ സദസില്‍ വസ്ത്രാക്ഷേപത്തിന് വിധേയായ ദ്രൗപതിയെക്കാള്‍ കടുത്ത പീഡനമാണ് തന്റെ പാര്‍ട്ടിയില്‍ നിന്ന് താന്‍ അനുഭവിച്ചത്. ഗൗരിയമ്മ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍,ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരായ പടപ്പുറപ്പാട് കോവിഡ് പ്രതിരോധങ്ങള്‍ പാളിയതിലെ ജാള്യത മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിയ്ക്കണം, തെറ്റായ വിവരം നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല: മൻമോഹൻ സിങ്