ശ്രീനു എസ്|
Last Updated:
തിങ്കള്‍, 22 ജൂണ്‍ 2020 (09:29 IST)
ആരോഗ്യ മന്ത്രിക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എകെപിസിടിഎ വനിതാ കമ്മിറ്റി. പൊതു- രാഷ്ട്രീയ പ്രവര്‍ത്തനരംഗങ്ങളില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ശൈലജ ടീച്ചറിന് നേരെ കേവലമായ പുരുഷാധികാര യുക്തിയുപയോഗിച്ച് മുല്ലപ്പള്ളി നടത്തിയ പ്രസ്താവനകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ദുര്‍ബലപ്പെടുത്തുകയെന്ന പുരുഷാധികാര ചിന്ത തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെ പോലും ഭരിക്കുന്നതെന്നും വനിതാ കമ്മിറ്റി കുറ്റപ്പെടുത്തി.
സ്ത്രീ പങ്കാളിത്തത്തിലൂടെ കേരളീയ സമൂഹം നാളിതു വരെ നേടിയ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ കളങ്കമായി അവശേഷിക്കുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍. നവോത്ഥാന പാരമ്പര്യം പോയിട്ട് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമെങ്കിലും സൂക്ഷിക്കുന്ന ഒരാള്‍ക്കും ഒരിക്കലും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുവാന്‍ സാധിക്കുകയില്ലെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചറെ പോലുള്ളവരെ മാതൃകയാക്കിക്കൊണ്ടാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നും നിരവധി അദ്ധ്യാപികമാരും വിദ്യാര്‍ത്ഥിനികളും പൊതുരംഗത്തേക്ക് കടന്നുവരുന്നതെന്നും വനിതാ കമ്മിറ്റി കണ്ടെത്തി.