രേണുക വേണു|
Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:55 IST)
.
.ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷറഫ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്. അഷറഫിനെ വിട്ടയച്ചെന്ന് പൊലീസിന് രാവിലെ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്ന് അഷറഫ് പറഞ്ഞു. കൊല്ലത്തുനിന്ന് ബസിലാണ് അഷറഫ് കോഴിക്കോട്ടെത്തിയത്.
തട്ടിക്കൊണ്ടുപോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് അഷറഫ് പറഞ്ഞു.
മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടികൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
സംഭവത്തില്‍ ഇതുവരെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം രണ്ടത്താണ് കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍, മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.