പ്രസവാവധി സ്ത്രീകളുടെ അവകാശം, മറ്റ് അവധികൾ പോലെയല്ല: ഹൈക്കോടതി

Highcourt
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (13:21 IST)
പ്രസവാവധിയെ മറ്റ് അവധികള്‍ പോലെ കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പ്രസവാവധി അടക്കം ഒരു വര്‍ഷത്തിലധികം അവധിയെടുത്തതായി കാണിച്ച് മെഡിക്കല്‍ സയന്‍സില്‍ ഉന്നതപഠനം തുടരാന്‍ അനുവദിക്കാത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് ഉത്തരവില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ് നടത്തുന്ന കോഴ്‌സിലെ പഠനകാലയളവിലെ അവധി സംബന്ധിച്ച വിഷയത്തിലാണ് കോടതി ഇടപെടല്‍.
എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറായിരുന്നു പരാതിക്കാരി. ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായുള്ള അവധി വന്നാല്‍ പഠനം തുടരാനാകില്ലെന്നാണ് ചട്ടം. ഹര്‍ജിക്കാരി ഈ കാലയലവില്‍ പ്രസവാവധി എടുത്തു. ഇതിന് പിന്നാലെ അര്‍ബുദത്തിനും ചികിത്സ തേടേണ്ടി വന്നതോടെ അവധി ഒരു വര്‍ഷത്തിലധികം നീണ്ടു. കോഴ്‌സ് തുടരാനാകില്ലെന്ന് എന്‍ബിഇഎംഎസ് അവധി അപേക്ഷ നിഷേധിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. പ്രത്യേക സാഹചര്യം മൂലമാണ് യുവതിക്ക് തുടര്‍ച്ചയായ അവധി വേണ്ടിവന്നതെന്ന് കോടതി നിരീക്ഷിച്ചു. 184 ദിവസം പ്രസവാവധിയായിരുന്നു. ഈ അവധി അവകാശമായതിനാല്‍ സാധാരണ അവധിയായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :