ഇത്തവണ വെറുപ്പിന്റെ ഡോസ് കൂടും, ദ കേരള സ്റ്റോറി 2 ടീസര്‍ പുറത്ത്
കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ വിവാദമായി മാറിയ കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം വരുന്നു.. 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2023-ല്‍ വിദ്വേഷ പ്രചാരണത്തിന്റെയും അര്‍ദ്ധസത്യങ്ങളുടെയും പേരില്‍ പഴികേട്ട ചിത്രത്തിന്റെ തുടര്‍ച്ചയും സമാനമായ ആരോപണങ്ങള്‍ തന്നെയാണ് ഉന്നയിക്കുന്നത്.
കേരളത്തെ വിദേശ ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നതായിരുന്നു ആദ്യ ഭാഗത്തിനെതിരെയുള്ള പ്രധാന ആക്ഷേപം. രണ്ടാം ഭാഗത്തിന്റെ ടീസറിലും 'ലൗ ജിഹാദ്'തന്നെയാണ് പ്രധാനവിഷയം.മൂന്ന് ഹിന്ദു യുവതികള്‍ പ്രണയത്തില്‍ അകപ്പെട്ട് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതും തുടര്‍ന്ന് നേരിടുന്ന യാതനകളുമാണ് ടീസറില്‍ കാണിക്കുന്നത്. ഇത് യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിച്ച് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വസ്തുതയ്ക്ക് നിരക്കാത്ത നുണകള്‍ നിരത്തി കേരളത്തിനെതിരെ തെറ്റായ നരേറ്റീവ് സൃഷ്ടിക്കുകയാണ് സിനിമയുടെ ഉദ്ദേശമെന്നും പലരും കമന്റ് ചെയ്യുന്നു.
ആദ്യഭാഗമായ കേരള സ്റ്റോറിക്കെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടായെങ്കിലും ദേശീയ പുരസ്‌കാരങ്ങള്‍ പലതും സിനിമ വാരികൂട്ടിയിരുന്നു. 20 കോടി രൂപയ്ക്ക് ഒരുക്കിയ സിനിമ ബോക്‌സോഫീസില്‍ 300 കോടി രൂപ സ്വന്തമാക്കുകയും ചെയ്തിരുന്നു.
