മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
പാലക്കാട്: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. മേജര്‍ രവി അടുത്തിടെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളും ഒറ്റപ്പാലത്തെ ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസും സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തിലെ വയില്യംകുന്ന് ഭഗവതി ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്ന എ+ മണ്ഡലങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എന്‍ഡിഎ 25,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പി. വേണുഗോപാലായിരുന്നു സ്ഥാനാര്‍ത്ഥി. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
മേജര്‍ രവിയെ കൂടാതെ, മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി ടി. ശങ്കരന്‍കുട്ടി എന്നിവരും സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലുണ്ട്.