ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വന്യജീവികളെ ഒരു രാജ്യവും സംരക്ഷിക്കുന്നില്ല, വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകണമെന്ന് മാധവ് ഗാഡ്ഗിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ജനുവരി 2023 (19:55 IST)
വയനാട്ടിൽ കടുവകളെ കൊന്നൊടുക്കുന്നതിൽ സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന വനംമന്ത്രി എ കെ ശശീന്ദ്രൻ്റെ നിലപാടിന് പിന്തുണയറിയിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ലോകത്ത് ഒരിടത്തും ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വന്യജീവികളെ സംരക്ഷിക്കാറില്ലെന്നും അതിൽ അഭിമാനിക്കാൻ തക്കതായി ഒന്നുമില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു.

വന്യമൃഗങ്ങളെ ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വേട്ടയാടാൻ അനുമതി നൽകുന്നത് കൊണ്ട് വന്യമൃഗങ്ങളുടെ എണ്ണം കാര്യമായി കുറയില്ല. വന്യമൃഗങ്ങളുടെ മാംസം മൃഗശല്യം മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് നൽകണം. അമേരിക്കയിലും ആഫ്രിക്കയിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും വന്യമൃഗങ്ങളെ വേട്ടയാടാം. എങ്ങനെ ലൈസൻസ് കൊടുക്കാമെന്ന് സർക്കാർ ജനങ്ങളുമായി ചർച്ച ചെയ്യണം.

ഒരു മനുഷ്യൻ ഭീഷണിയാകുമ്പോൾ ഐപിസി അനുസരിച്ച് നടപടി എടുക്കുന്നു. വന്യമൃഗങ്ങൾ ഭീഷണിയാകുമ്പോൾ കൊന്നൊടുക്കിയാലെന്താണെന്നും കടുവകളെ കൊന്നൊടുക്കാനുള്ള നിർദേശത്തെ എതിർക്കുന്നവർ മനുഷ്യവിരുദ്ധരാണെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :