എ കെ ജെ അയ്യർ|
Last Modified ബുധന്‍, 25 ജനുവരി 2023 (15:59 IST)
ഇടുക്കി: നാനൂറ്റി നാൽപ്പതു രൂപയുടെ മദ്യം മുന്നൂറു രൂപയ്ക്ക് നൽകാം എന്ന രീതിയിൽ വ്യാജ മദ്യം വിൽക്കാൻ ശ്രമിച്ച ബെവ്കോ ജീവനക്കാരനെ പിടികൂടി. ഇടുക്കി ജില്ലയിലെ പൂപ്പാറ ബെവ്കോ ചില്ലറ വിൽപ്പനശാല ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് ഉല്ലാസ് നഗർ നിവാസി ബിനുവിനെയാണ് 35 ലിറ്റർ വ്യാജമദ്യവുമായി പിടികൂടിയത്.
ശാന്തൻപാറ പൊലീസാണ് പൂപ്പാറ തലക്കുളത്തിനടുത്ത് നടന്ന വാഹന പരിശോധനയിൽ ഇവരെ പിടികൂടിയത്. ഇയാൾക്കൊപ്പം കൂട്ടാളികളായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യു, മകൻ എബിൻ എന്നിവരും പിടിയിലായി. ഏഴു മാസം മുമ്പാണ് ബിനു തിരുവനന്തപുരത്തു നിന്ന് പൂപ്പാറയിലേക്ക് സ്ഥലം മാറിയെത്തിയത് എന്ന് ശാന്തൻപാറ സി.ഐ.മനോജ് കുമാർ അറിയിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 70 കുപ്പി വ്യാജമദ്യമാണ് കണ്ടെടുത്തത്. സർക്കാരിന്റെയും എം.സി.മദ്യത്തിന്റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലായിരുന്നു മദ്യം നിറച്ചത്. ഇവരിൽ നിന്ന് മദ്യം വാങ്ങുന്ന ചിലർ വില്പനശാലയിൽ എത്തുമ്പോൾ 440 രൂപയുടെ മദ്യം 300 രൂപയ്ക്ക് നൽകാമെന്ന് ബിനു പറഞ്ഞത് അറിഞ്ഞ ചില ജീവനക്കാരാണ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്നാണ് വാഹന പരിശോധനയിലൂടെ ഇവരെ പിടികൂടിയത്.