കെടി ജയകൃഷ്ണന്‍ വധക്കേസ്: അന്വേഷണ സംഘത്തേ പിരിച്ച് വിട്ടു

കണ്ണൂര്‍| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (16:52 IST)
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെടി ജയകൃഷ്ണനെ ക്ലാസ്സ്‌ റൂമില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഡി.ജി.പി പിരിച്ചുവിട്ടു. എന്നാല്‍ എന്തു കാരണത്താലാണ് പിരിച്ചു വിട്ടത് എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഇത് മൂന്നം തവണയാണ് കേസില്‍ അന്വേഷണ സംഘത്തെ നിയമിക്കുന്നതും പിന്നീട് ഒഴിവാക്കുന്നതും. എന്നാല്‍ കേസന്വേഷണത്തോട് സഹകരിക്കേണ്ട എന്ന നിലപാടിലായിരുന്നു ബിജെപിയും ജയകൃഷ്ണന്റെ കുടുംബാംഗങ്ങളും.

സംസ്ഥാന പൊലിസ് അന്വേഷിച്ചാല്‍ അത് ഫലപ്രദ മാ വില്ലെന്നും ജയകൃഷ്ണന്‍ വധക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷി ക്കണമെന്നുമായിരുന്നു ബി ജെ പി യും ജയകൃഷ്ണന്റെ മാതാവ്‌ കൗസല്യയും ആവശ്യപ്പെട്ടിരുന്നത്.

സിപി‌എം പറയുന്ന ലിസ്റ്റിനനുസരിച്ചു കുറച്ചു പേരെ പ്രതികളായി ഹാജരാക്കുകയായിരുന്നെന്നും കേസില്‍ ജയിലിലായവര്‍ യഥാര്‍ഥ പ്രതികളല്ലായിരുന്നു എന്നും താനിക്കും ആ വധത്തില്‍ പങ്കുണ്ടായിരുന്നു എന്നും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി രജീഷ് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.

ഇതേ തുടര്‍ന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി .വൈ .എസ്.പി ഷൌക്കത്തലിക്കായിരുന്നു ആദ്യം അന്വേഷണ ചുമതല.

1999 ഡിസംബര്‍ ഒന്നിനാണ് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊല നടന്നത്. പാനൂര്‍ മൊകേരി ഈസ്റ്റ് എ യു പി സ്കൂളില്‍ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കേയാണ് ജയകൃഷ്ണന്‍ കൊല്ലപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :