കൊല്ലം|
VISHNU.NL|
Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (16:22 IST)
പതിനെട്ടു കിലോ കഞ്ചാവുമായി നാലു പേരെ കൊല്ലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോളേജു വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘാംഗങ്ങളാണിവര്‍ എന്ന് പൊലീസ് പറഞ്ഞു. വിശാഖപ്പട്ടണത്തു നിന്നാണ് ഇവര്‍ കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്നത് എന്നാണു വിവരം ലഭിച്ചിരിക്കുന്നത്.
കൊട്ടാരക്കര മൈലം താമരക്കുടി സ്വദേശി പ്രമോദ് (43), ചേര്‍ത്തല അഴീക്കല്‍ സ്വദേശി രഞ്ജിത് (24), ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി പെട്റീഷ്യോ (40), തെക്കുംഭാഗം സ്വദേശി അനില്‍ കുമാര്‍ എന്ന ഉണ്ണി (53) എന്നിവരാണു കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ വലയിലായത്. പിടിയിലായ രഞ്ജിത് അര്‍ത്തുങ്കല്‍, അലപ്പുഴ നോര്‍ത്ത്, കുത്തിയതോട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി വധശ്രമ കേസുകളില്‍ പ്രതിയാണ്.
ഇതിനൊപ്പം പ്രമോദിനെ നിരവധി തവണ കൊല്ലം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി കഞ്ചാവു കേസുകളില്‍ പിടികൂടിയതാണെന്നും പൊലീസ് പറയുന്നു. വിശാഖ പട്ടണം പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വിശാഖപട്ടണത്തെ രവികാന്തം എന്ന സ്ഥലത്തു നിന്ന് രാമു എന്നയാളാണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്നതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‍റയ്ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് എ.സി പി.കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സി.ഐ സുരേഷ് നായരും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്.