പിന്നിലൊരു ചക്രമില്ലാതെ ബസ് ഓടിച്ചു ! ഏഴ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (09:29 IST)

പിന്നിലൊരു ചക്രമില്ലാതെ ബസ് ഓടിച്ചതിനു ഏഴ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പിന്നില്‍ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനാണ് കെ.എസ്.ആര്‍.ടി.സി. നിലമ്പൂര്‍ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. 2021 ഒക്ടോബര്‍ ഏഴിനാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി.

മെക്കാനിക്കുമാരായ കെ.പി. സുകുമാരന്‍, കെ. അനൂപ്, കെ.ടി. അബ്ദുള്‍ഗഫൂര്‍, ഇ. രഞ്ജിത്കുമാര്‍, എ.പി. ടിപ്പു മുഹ്സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍. അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ. സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഒക്ടോബര്‍ ഏഴിന് രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നില്‍ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറുമാണുണ്ടായിരുന്നത്. യാത്രാമധ്യേ പിറകില്‍നിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും നോക്കുമ്പോഴാണ് പിഴവ് മനസ്സിലായത്. ആ വഴി വേറെ സര്‍വീസ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കേണ്ടിവന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :