വാഗ്ദാനം മറന്ന് യുഡിഎഫ് സർക്കാർ; സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
ഓർഡിനറിയിൽ മാത്രം നടപ്പിലാക്കുമ്പോൾ തന്നെ പ്രതിമാസം 65 കോടിയെങ്കിലും ചെലവ് വരും
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി ഓർഡിനറി സർവീസിൽ മാത്രമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ആദ്യഘട്ടമെന്ന നിലയിൽ ഓർഡിനറി സർവീസിൽ മാത്രമേ കൊടുക്കാൻ സാധിക്കൂവെന്ന് സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ എല്ലാ സർവീസിലും സൗജന്യയാത്ര നൽകുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം.
ഓർഡിനറിയിൽ മാത്രം നടപ്പിലാക്കുമ്പോൾ തന്നെ പ്രതിമാസം 65 കോടിയെങ്കിലും ചെലവ് വരും. ഇപ്പോൾ നൽകുന്നതിനൊപ്പം 750-800 കോടിയെങ്കിലും സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ നൽകണം. കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടുവേണം കൂടുതൽ സർവീസുകളിൽ കൊടുക്കുന്ന കാര്യം തീരുമാനിക്കാനെന്നും സതീശൻ പറഞ്ഞു.
ഓർഡിനറി സർവീസുകൾ താരതമ്യേന കുറവുള്ള മലബാറിൽ ഈ ആനുകൂല്യം സ്ത്രീകൾക്കു കിട്ടില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്കു കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. എത്ര മാസത്തിനു ശേഷമായിരിക്കും അടുത്ത ഘട്ടമെന്ന നിലയിൽ എല്ലാ സർവീസിലും സൗജന്യയാത്ര നൽകുക എന്ന് ചോദിച്ചപ്പോഴും മുഖ്യമന്ത്രി മറുപടി നൽകിയില്ല.