എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (10:02 IST)
പാലക്കാട്: ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ എരുത്തേമ്പതി ആർ.വി.പി പുത്തൂർ ഓൾഡ് കോളനി നിവാസി
സുബ്രഹ്മണ്യൻ എന്ന 42 കാരനെയാണ് വീട്ടുവാരാന്തയിൽ ഉറങ്ങിക്കിടക്കവേ ഭാര്യ ശശികല (36) മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. ഇവരെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീടിനടുത്തുള്ള സഹോദരൻ മരിച്ചതിന്റെ വാർഷിക ചടങ്ങുകൾ കഴിഞ്ഞു രാത്രി ഏറെ വൈകിയായിരുന്നു മദ്യപിച്ചശേഷം സുഹ്രഹ്മണ്യൻ വീട്ടിലെത്തിയത്. ഇവരുടെ മൂത്തമകൻ തൊട്ടടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയാണ് തീകൊളുത്തിയതെന്നു കണ്ടെത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ സുബ്രഹ്മണ്യൻ ആശുപത്രിയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന് പരസ്ത്രീബന്ധം ഉണ്ടെന്നാരോപിച്ചു ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു. മദ്യപിച്ച ശേഷം തന്നെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും അതിനാലാണ് തീവച്ചതെന്നും ശശികല സമ്മതിച്ചു.